Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

അലിവിന്റെ നനവുള്ള കൈനീട്ടം (വിജിഷ വിജയൻ ) കഥ

"വഴിയോരത്തല്ല വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം 'എന്ന് വായിച്ചു തീരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിലൂടെയുള്ള യാത്ര അവസാനിക്കുക.

നിറയെ ചിത്രങ്ങളും അവിടെ ഉണ്ട്.

റെയിൽ ചാടിക്കടക്കാനെ ഉള്ളു എങ്കിലും ആ വഴി ഉപേക്ഷിക്കാറാണ് പതിവ്.

സൈക്കിൾ കടത്തി കൊണ്ടുപോകാൻ പാടില്ലെന്ന് എഴുതി വെച്ചിട്ടും താങ്ങി പൊന്തിച്ച് അതിർത്തിയിൽ സൈക്കിൾ കേറ്റുന്ന നാളെയുടെ മക്കൾ.

കറണ്ട് പോയാൽ ഇരുട്ടാവുന്ന, മഴ പെയ്താൽ വെള്ളം നിൽക്കുന്ന, ട്രെയിൻ പോകുമ്പോൾ കാത് പൊട്ടുന്ന ശബ്ദം കേൾക്കുന്ന ഈ പാതയുടെ ഉപയോഗം കൂടിയത് വായനശാല യാത്രകളിലാണ്..


അന്നൊരു വിഷു ദിവസമായിരുന്നു.എല്ലാ വർഷത്തെയും പോലെ അമ്മയാണ് കണി കാണിച്ചത്.

രാവിലെ ക്ഷേത്രത്തിൽ പോണം.

വിഷുവിന് കൃഷ്ണനെ തൊഴണമെന്നത് എന്റെ നിർബന്ധമായിരുന്നു.

പോകുമ്പോ മുല്ലപ്പൂ വെക്കണമെന്നത് മറ്റൊരു നിർബന്ധവും.

ജാതിഭേദമന്യേ ഏത് വേദിയിലും

അനുവാദം ചോദിക്കാതെ നിവർന്നുനിൽക്കാൻ കഴിവുള്ള പൂവാണല്ലോ ഈ 

മുല്ല.

അതാണെനിക്ക് മുല്ലയോടുള്ള ഇഷ്ടവും.

പരപ്പനങ്ങാടിയിൽ മുല്ലയ്ക്ക് എന്നും വില മാറിക്കൊണ്ടേയിരിക്കും. തോന്നിയ പോലെ വില കൂട്ടും. വിഷുവിന് നാല്പതു രൂപയായിരുന്നു ഒരു മുളം മുല്ലയുടെ വില.

റെയിൽവേയുടെ തൊട്ടരികിലാണ് ഒരു പിരിപിരി മുടിക്കാരൻ ചേട്ടനും, തടിച്ചൊരു ചേട്ടനും മത്സരിച്ച് പൂ വിൽക്കുന്നത്. മണമുള്ളത് ഒരു തരം, ഇല്ലാത്തത് വേറൊരു തരം, അരിമുല്ല മറ്റൊരു തരം.

നൂറ്റിഅൻപത് രൂപ കൊടുത്ത് പൂവും,മുപ്പത് രൂപയും തിരിച്ചു വാങ്ങി നടന്നു വരുമ്പോഴാണ് സ്‌ഥിരം കാണാറുള്ള, എന്നാൽ ശ്രദ്ധിക്കാത്തൊരു മുഖത്തെ മേടമാസത്തിൽ കണ്ണിലുടക്കിയത്.

ആയാളൊന്നു വിളറിച്ചിരിച്ചു.

ഒരു കൈയ്യിനും രണ്ടു കാലുകൾക്കും സ്വാധീനമില്ല.

വെളുത്ത് മെലിഞ്ഞു വിഷാദിയായ ഒരാൾ.

ഓട്ടപ്പാത്രങ്ങളിൽ നാണയത്തുട്ടുകൾ.

ഒരു പ്ലാസ്റ്റിക്ഡപ്പയിൽ നിവർന്നു കിടക്കുന്ന പത്തിന്റെ നോട്ടുകൾ.

"വിഷു അല്ലേ മോളേ എന്തേലും കൈനീട്ടം താ "

എന്നയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

കൈകാലുകൾ ഏന്തിവലിച്ച് കാരുണ്യത്തിന് വേണ്ടി ഒരാൾ നോക്കുമ്പോൾ ആഹംഭാവങ്ങളെല്ലാം മാറ്റിവെച്ച് കണ്ണിൽ എളിമ നിറഞ്ഞ് കലങ്ങി മറിയണം.

മുല്ല വാങ്ങിയതിന്റെ ബാക്കി പണം ഞാനയാൾക്ക് വിഷുകൈനീട്ടം കൊടുത്തു .

അച്ഛൻ പറഞ്ഞിട്ടുണ്ട് പ്രായത്തിന് ഇളയവർക്കാണ് കൈനീട്ടം കൊടുക്കുകയെന്ന്.ഞാനാ നിയമം തെറ്റിച്ചു.

വല്ലപ്പോഴും നിയമങ്ങൾ നമുക്ക് തോന്നിയ പോലെ തെറ്റിക്കാം!

അല്ലെങ്കിലും തോന്നലുകളാണല്ലോ ജീവിതത്തെ പച്ചപ്പിക്കുന്നതും, മഞ്ഞപ്പിക്കുന്നതും, പൂവിട്ട് കായ്പ്പിക്കുന്നതും, കണ്ണെറിഞ്ഞ് കൊഴിപ്പിക്കുന്നതും!

ഈ വിഷുവിനെ അലിവിന്റെ വിഷുക്കാലമാക്കാൻ ഞാൻ തീരുമാനിച്ചു.


കോളേജിലേക്കുള്ള യാത്രയിൽ പിന്നീടെന്നും അയാളെ കാണാറുണ്ട്.

അത് കൂടാതെ നിറയെ വെള്ളപ്പാണ്ട് വന്നൊരു കുടുംബംത്തെയും.കണ്ണ് കീറാത്ത പോലെയുള്ള കുഞ്ഞുമക്കൾ. കൈനീട്ടി എന്തെങ്കിലും തരുമോ എന്ന് ചോദിക്കുമ്പോൾ സങ്കടം തോന്നും.

ചുരുണ്ടു മടങ്ങി എപ്പോഴും കിടക്കാറുള്ള കാല് കുഴഞ്ഞ

ആ ചേട്ടനെ ഓർക്കുമ്പോളാണ് എനിക്ക് വല്ലാത്ത നൊമ്പരം തോന്നാറ്.എന്തിനാണ് ഞാനിങ്ങനെ ചില ആളുകളെ മാത്രം പെറുക്കിയെടുത്ത് സ്നേഹിക്കുന്നത്?


ജോലിയെടുക്കുന്ന പ്രായത്തിലുള്ള ആണുങ്ങൾക്ക് ദയ പുരട്ടി കൊടുക്കുന്ന പണം അവരെ തരം താഴ്ത്തും പോലെയാണ്.എന്നിരുന്നാലും അയാൾക്ക് വീണ്ടും എന്തേലും കൊടുക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു.


അന്നൊരു നട്ടുച്ചയാണ്,

അയാളുടെ ഒട്ടിയ വയറിലെ എല്ലുകൾ എണ്ണിയെടുക്കാൻ പാകത്തിൽ നിഴലിച്ച് കിടക്കുന്നു.

ഞാൻ മന്ദം മന്ദം അയാളുടെ അരികിലെത്തി. ഒരു പരിചയക്കാരിയോടെന്നപോലെ അയാൾ ചിരിച്ചു. ഞാനും!

ഓട്ടപ്പാത്രത്തിലേക്ക് വീണ്ടും കൈയ്യിൽ നിന്നും കാശ് വീണു.

"ചോറു വാങ്ങി തരട്ടെ? "

എന്ന് ചോദിച്ചു. "വേണ്ട മോളേ, ഉച്ചക്ക് ശീലമില്ല "എന്ന് മറുപടി.

"എങ്ങനെയാ കൈയ്യും കാലും വയ്യാണ്ടായേ?"

"ഞാൻ മര്യാദക്ക് പണിക്ക് പോയോണ്ടിരുന്നതാ, പോകുന്ന വഴീല് വെച്ച് ആക്‌സിഡന്റ് ആയതാ "

"വീട്ടുകാര്?"

"പ്രേമിച്ച് കല്ല്യാണം കഴിച്ചതായിരുന്നു ഇപ്പൊ നോക്കാൻ ആവതില്ലാത്തോണ്ട് എല്ലാരും പോയി."

അങ്ങനെയും കുടുംബങ്ങൾ എന്ന് ഞാൻ ആത്മഗതം പറഞ്ഞു.

പണത്തിനു വേണ്ടിയാണല്ലോ മനുഷ്യന്റെ നിലനിൽപ്പ്.

ഗൃഹനാഥൻ ഒരു പണപ്പെട്ടിയും.

പണപ്പെട്ടി കാലിയാകുമ്പോഴാണ് പല വീട്ടിലും പ്രശ്നങ്ങൾ വഷളാകുന്നത്.

നേരത്തെ ഉള്ളവനേക്കാൾ പൈസക്കാരൻ ചെക്കനെ കണ്ടപ്പോൾ കാമുകനെ മാറ്റിയ റംലത്തിനെ ഓർത്തു. ഓൻ ഓളെ കെട്ടി. നാലഞ്ചു മക്കളായപ്പോൾ ഓൾക്ക് മൊഞ്ചുപോരാന്നും പറഞ്ഞ് വേറൊരുത്തീടെ കൂടെ പോയി.

ഒരു ദിവസം കണ്ടപ്പോൾ അവള് പറയാണ്, "എടി വിജിയേ, തല നരച്ചാലും തീരാത്തതാടീ പ്രേമം "ന്ന്.

ഞാൻ ചിരിച്ചു.

ശരിയാണ്, ഇരുട്ടറയിൽ നിന്ന് ഏന്തി നോക്കുമ്പോൾ ആ മിന്നാമിന്നി വെളിച്ചം ഏതൊരാളെയും ആകർഷിക്കുന്നു.

അർഹതപ്പെട്ടതല്ലെങ്കിലും എല്ലാവരുമത് കൈക്കുടന്നയിൽ നിറയ്ക്കും. കൈവിടർത്തുമ്പോൾ മിന്നാമിനുങ്ങ് പാറിപ്പോകും. മറ്റൊരാളത് സ്വായത്തമാക്കും. സ്വന്തമായ നിലനിൽപ്പില്ലാത്തൊരു വികാരത്തെ ആളുകളെന്തിന് വീറും വാശിയും കാണിച്ച് നേടിയെടുക്കുന്നു എന്നതാണ് കഷ്ടം!


അയാൾ എന്നെത്തന്നെ നോക്കി ഇരിക്കുന്നു. ഞാൻ പെട്ടന്ന് റംലത്തിന്റെ ഓർമ്മയിൽ നിന്നും തിരിച്ചു പാറി.

"ഭാര്യയെ കാണാറുണ്ടോ?"എന്ന് ചോദിച്ചു.

"ഇല്ല, അവരൊക്കെ മാറീലെ."

മിനിറ്റുകൾക്കകം നിറം മാറിപ്പോകുന്ന മനുഷ്യരുണ്ട്, പച്ചിലയിൽ നിന്ന് ഉണക്കമരത്തിലേക്ക് വലിച്ചിടുമ്പോൾ ഒരു ഓന്ത് നിറം മാറാൻ എടുക്കുന്നതിനേക്കാൾ വേഗത്തിൽ..

പേരെന്താ എന്ന് ചോദിക്കുമ്പോൾ എനിക്കു വിക്ക് വന്നു.

സ്റ്റാമർ എന്ന സച്ചിദാനന്ദൻ കവിത അതേ ആഴ്ചയാണ് ഞാൻ കുട്ടികളെ പഠിപ്പിച്ചത്.


പരപ്പനങ്ങാടിയിലെ അതിപ്രാകൃതരായ ചിലരെന്നെ വല്ലാണ്ട് ശ്രദ്ധിക്കുന്ന പോലെ.

ഒരു പെണ്ണെന്തിനാ പിച്ചക്കാരന്റെ അടുത്ത് ഇത്രയും നേരം നോക്കി നിൽക്കുന്നത് എന്നതാണ് ഭാവം.

"രാജൻ "അയാൾ പതിഞ്ഞ സ്വരത്തിൽ പേര് പറഞ്ഞു.

അച്ഛച്ഛന്റെ എളേമക്കൊരു മോളുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ പേരായിരുന്നു രാജൻ. ശബരിമലയ്ക്ക് പോകും വഴി ആക്‌സിഡന്റിൽ മരിച്ചു.

മരിച്ച രാജന്റെ ഭാര്യ എന്ന് ലീലമ്മായിയെ അഭിസംബോധന ചെയ്യുമ്പോ പാവം തോന്നും..

ആക്‌സിഡന്റിൽ ഇയാളും മരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒരവസ്‌ഥയിൽ ഒടിഞ്ഞു മടങ്ങി കിടക്കണ്ടായിരുന്നു എന്ന് ഒരേ ഒരു നിമിഷം ചിന്തിച്ച് ഞാൻ തിരിഞ്ഞു നടന്നു.

'ജീവൻ തരുന്നതും എടുക്കുന്നതുമീശൻ '

എന്നറിയാമെങ്കിലും ചില നേരങ്ങളിൽ ദൈവമൊരു ദുഷ്ടനാണ്. സന്തോഷശൈലങ്ങളിൽ വെച്ച് ഒരുവന്റെ ജീവനെടുത്തും,

കഷ്ടക്കയങ്ങളിൽ അവനെ ജീവിപ്പിച്ച് തളർത്തി ക്രൂരത കാണിക്കും.


ഓട്ടോയ്ക്ക് പോകാനുള്ള ദൂരമുണ്ടായിട്ടും ഞാനന്ന് എന്തോ ഓർമ്മയിൽ പൊരി വെയിലത്ത് നടന്നു .

പൊരിയുന്ന ഉൾച്ചൂടിൽ എന്ത് വെയിൽച്ചൂട്.

വഴി പകുതിയായപ്പോഴാണ്

നടപ്പിന്റെ പൊട്ടത്തരം മനസ്സിലായത്.

അണ്ടർബ്രിഡ്ജിൽ കിടക്കുന്ന രാജനായിരുന്നു അന്ന് മനസ്സിൽ.


വീട്ടിൽ പോയാൽ ഉഷാമ്മയ്ക്കൊരു പേൻ നോക്കലുണ്ട്.

എന്നിട്ട് വിമർശനം തുടങ്ങും,

"വെറുതെ ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടി തല നരപ്പിക്കുന്നത് നല്ലതല്ല ട്ടാ വിജിഷേ,

അവനവന്റെ കൈയ്യേ തലയ്ക്ക് വെക്കാൻ ഉപകരിക്കൂ, ഓർമ്മയുണ്ടായിക്കോട്ടെ "എന്ന്.

ഉഷാമ്മയാണ് എന്റെ ഉപദേശനായിക..

ഒന്നാലോചിച്ചപ്പോ ശരിയാണ്.

ഈ അപാരസുന്ദരലോകത്ത് ഞാനെന്തിനാണ് ദുരിതങ്ങൾ കാണാൻ നടക്കുന്നത്?

എന്നാലും ചില നേരത്തെ ചിലരുടെ തല്ലും തലോടലും നമ്മുടെയും ദുഃഖങ്ങൾ ശമിക്കാറുണ്ടല്ലോ..

ആർക്കെങ്കിലും ആരെങ്കിലുമായി ഒരു നിമിഷമെങ്കിലും ജീവിക്കുക രസകരമാണ്..

പാലത്തിന് ചുവടെ എഴുതി

വെച്ചത് നേരാണ്.

വഴിയോരത്തല്ല വലിച്ചെറിയുന്നവരുടെ

മനസ്സിലാണ് മാലിന്യം..

.....................................................

വിജിഷ വിജയൻ 

No comments:

Post a Comment