Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

അതേ ചിത്രം വീണ്ടും വരക്കുമ്പോൾ : വിജിഷ വിജയൻ

രണ്ടാമതും അതേ ചിത്രം വരക്കുമ്പോഴാണ്

ഏറെ വ്യാകുലപ്പെടേണ്ടി വരിക.

ഒന്നൂടെ മുന്നിലേക്കോർമ്മകളെ നടത്തണം.

ആദ്യത്തെ ചിത്രത്തിനെടുത്ത ചായക്കൂട്ടുകൾ

മങ്ങാതെ കിടക്കുന്നുണ്ടാകും.

അശ്ലീലച്ചുവയില്ലാത്ത അതിന്

സമ്മാനം ഉറപ്പാണെന്നറിഞ്ഞിട്ടും,

സശ്രദ്ധം മാറ്റിവെച്ചതാവാം.


മുഴുമിപ്പിച്ച ആദ്യചിത്രത്തിന്

സംഗ്രഹമെഴുതാൻ പലരോടും

പലകുറി പറഞ്ഞെങ്കിലും

പിളരാൻ വിട്ടുപോയ ചിരിഞരമ്പുകളിൽ

ആലേഖനം ചെയ്തവയെല്ലാം

പശ്ചാത്തലവർണ്ണങ്ങളിൽ

മനഃപൂർവം ലയിപ്പിച്ചെടുത്തതാവാം..


ഒന്നാമത്തെ ചിത്രം വരച്ചു കഴിഞ്ഞ്

തിരിച്ചു പോരുമ്പോൾ വിരലുകൾ

പൊള്ളിയടർന്നെങ്കിലും

നിറങ്ങൾ കോരിയൊഴിച്ച് പകർപ്പുണ്ടാക്കാനുള്ള

തന്ത്രപ്പാടിൽ വലിച്ചെറിയപ്പെട്ടതാവാം..


രണ്ടാമത്തെ ചിത്രം മുഴുമിപ്പിക്കും മുൻപ്

കൊടുങ്കാറ്റിന് ചിറകുമുളക്കും,

വരയൊന്നുപോലും തെളിയാതെ

വാരിയെറിഞ്ഞ വർണ്ണജ്വാലകൾ

ക്ഷുബ്ധരായി ചിത്രമലങ്കോലമാക്കും.

ബ്രഹത്തായൊരു ചിത്രത്തിനപ്പുറം

വീണ്ടുമൊന്നുകൂടി വരക്കുക കഠിനം!


ഇനിയെങ്കിലും

ഒരേ ചിത്രത്തെ വീണ്ടുമതുപോൽ

വരയ്ക്കാതിരിക്കുക!

അത്രമേൽ

പ്രാണനെങ്കിലതിനെ

ചില്ലിട്ടു വെയ്ക്കുക.

വരും ചിത്രങ്ങൾ

വ്യത്യസ്തമാക്കുക..

...................................................

വിജിഷ വിജയൻ 

No comments:

Post a Comment