Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

ഒറ്റ : ശിൽജ

അയാളെ താൻ അറിയാൻ ശ്രമിച്ചതെന്തിനായിരുന്നു..ഓൺലൈനിൽ സ്ഥിരമായി വായിക്കുന്ന വരികൾ..!

അത് മാത്രമായിരുന്നോ കാരണം?

അല്ല..

വായനക്കൊടുവിലെ കമന്റുകൾക്ക് വല്ലപ്പോഴും വീണുകിട്ടുന്നൊരു ഹൃദയത്തിനപ്പുറം തനിക്കയാളെ അറിയില്ല.

എന്നിട്ടും..എന്തിനായിരുന്നു.... അറിയില്ല...

അക്ഷരങ്ങളിൽ തന്റെ മനസ്സുപകർത്തുന്നൊരാൾ..

തന്റെ മനസ്സിന്റെ ആഴത്തോളം അറിഞ്ഞുവിങ്ങാൻ അയാളുടെ അക്ഷരങ്ങൾക്കും ശബ്ദത്തിനും എങ്ങനെസാധിക്കുന്നു.!

തന്നെ മനസ്സിലാക്കാതെ സ്നേഹിക്കുന്നവർക്കിടയിൽ, തന്നെ അറിയാതെ മനസ്സിലാക്കുന്നൊരാളിൽ മനസ്സ് അഭയം തേടുകയാണോ..

പലപ്പോഴും അയാളിലേക്കിറങ്ങിചെല്ലാൻ പാകത്തിൽ അയാളുടെ വരികൾക്ക് തന്നിൽ മറുവരികൾ പിറക്കാറുണ്ട്..

കേട്ടിരിക്കാൻ കാതുകൾ കടം പറഞ്ഞ അയാൾക്ക്‌ കാതുകൾ തീറെഴുതാൻ പാകത്തിൽ ആ വരികളിലൊക്കെ താനുമുണ്ടായിരുന്നില്ലേ...

അയാൾ തനിക്കപരിചിതനല്ലാതാവുകയാണ്..

എങ്കിലും അങ്ങോട്ടൊരു മെസ്സേജ് അയക്കാൻ മനസ്സനുവദിച്ചില്ല..

തന്നെ വായിച്ചെടുത്തവനെപ്പോലെ ഒരിക്കൽ അയാളിൽ നിന്നും ഒരു 'ഹായ് 'ഹൃദയം ചേർത്തുവന്നു. മറുപടി അയക്കുമ്പോൾ തന്നിലേക്കൊരു നിഴലിന്റെ കൂട്ടെന്ന് മനസ്സ് ശൂന്യതയിൽ നിന്നും പെരുമ്പറകൊട്ടി..

എഴുത്തിൽ പടരുന്ന 

അക്ഷരങ്ങളിലെ വാചാലത പലപ്പോഴും അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ല.

എന്നിട്ടും താൻ അയാളുടെ വരികൾക്കുവേണ്ടി കാത്തിരുന്നു.സ്ഥിരമായ സംസാരങ്ങൾ ഇല്ലെങ്കിലും അയാളുടെ കൂട്ട് തന്റെ മുറിവുകളുടെ മരവിച്ച നോവിലേക്കൊരു ഉപ്പുശീലയായിരുന്നു..

ദിവസങ്ങൾക്കൊടുവിൽ എന്തിനാണ് താൻ അയാളെ കാണണമെന്ന് ആഗ്രഹിച്ചത്? ആവശ്യപ്പെട്ടത്?

അതൊരിക്കലും പ്രണയമായിരുന്നില്ല. അല്ലെങ്കിലും ചിതറിയ ഹൃദയത്തിൽ ഇനിയെങ്ങനെ പ്രണയം നിറയ്ക്കാനാണ്..?

വെറുതെ ഒന്ന് കാണണം..

ആ നിഴൽപറ്റി ഒന്ന് വെറുതെ കരയണം...

ഒന്ന് കേട്ടിരുന്ന് കൂട്ടിരിക്കണം..

അത്രയേ വേണ്ടൂ...

വരാമെന്നേറ്റ സമയവും കടന്നുപോയിരിക്കുന്നു.കഥപറയുന്ന വരികൾക്കപ്പുറം അയാളിലേക്കൊരു വഴിയും തന്നിലില്ല..

കാത്തിരിപ്പിനൊടുവിലെ,മടുപ്പിന്റെ മടക്കത്തിനിടയിൽ ഒന്നുകൂടി ഓൺലൈനിൽ കേറിനോക്കി.അരമണിക്കൂർ മുൻപ് അയാളിട്ട പോസ്റ്റ്‌ കണ്ടു.അവഗണനയോളം ആഴമുള്ള മുറിവില്ലത്രേ..

അതെ....ഇപ്പോഴും അയാൾ കുറിക്കുന്ന വരികളിൽ താൻ തന്നെയാണ്...

ഇൻബോക്സിൽകേറി മറുപടിയിട്ടു .

."അതെ മാഷേ.. ശരിയാണ് അവഗണനയോളം വലിയ മുറിവും,തിരിച്ചറിവുമില്ല."

മടക്കത്തിനിടയിൽ പലകുറി കണ്ണുകൾ അയാളുടെ വരികൾ തേടിമടങ്ങി..

പിന്നീടെപ്പോഴോ മറുപടി വന്നു...

 "ഓ സോറി...കാണാമെന്നു പറഞ്ഞിരുന്നുവല്ലേ..ഞാൻ ആ കാര്യമേ മറന്നു..നമുക്ക് ഇനിയൊരിക്കൽ കാണാം.."

അയാളിൽ നിന്നും മൗനമായൊരു മടക്കമല്ലാതെ ഒരു മറുപടി അപ്പോൾ തന്നിലില്ലായിരുന്നു..

എത്ര നിസാരമായാണയാൾ തന്നിൽനിന്നൊരു പകലിനെ കീറിയെറിഞ്ഞുകളഞ്ഞത്...

ഇനിയൊരുറക്കിനെ ഇരുളിലേക്കുണർത്തി വിട്ടത്..

തന്നിലൊരു നിഴലിനെ മായ്ച്ചുകളഞ്ഞത്...

ഒറ്റയെന്നത് വീണ്ടും ഒറ്റയെന്നാക്കിതീർത്തത്...

.................................................

ശിൽജ

No comments:

Post a Comment